22 March 2020

ഭഗത് സിംഗ് - പാടങ്ങളിൽ തോക്കുകൾ പൂക്കുന്നത് സ്വപ്നം കണ്ട ബാലൻ

Bagath Sing, a remembrance

"വിവാഹത്തിന് യോജിച്ച സമയമല്ലിത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എന്റെ സേവനം ആവശ്യമുണ്ട്. എന്റെ രാജ്യത്തെ രക്ഷിക്കാനായി ഹൃദയവും ആത്മാവും കൊണ്ട് എനിക്ക് പ്രതിജ്ഞ എടുക്കേണ്ടതുണ്ട്. എന്റെ രാജ്യം സ്വതന്ത്ര്യമല്ലാതിരിക്കുന്നിടത്തോളം കാലം എന്റെ വധു മരണമായിരിക്കും”

മരണം കൊണ്ട് ഒരു നെരിപ്പോടായി ബ്രട്ടീഷ് സാമ്രാജ്യത്തിലേക്ക് പടര്‍ന്നുകയറിയ രാജ്യത്തിന്റെ ധീരപുത്രന്‍ ഭഗത് സിംഗിന്റെ വാക്കുകളാണിത്. ബ്രട്ടീഷ് സാമ്രാജ്യത്തിന് മുന്നില്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പകര്‍ന്നുനല്‍കി തൂക്കുമരം പൂകിയ ഭഗത് സിംഗ് ഇന്നും നമ്മുടെയെല്ലാം ഓർമ്മകളിൽ ജീവിക്കുന്നു.

ഭഗത് സിംഗ് എന്ന പേര് വിപ്ലവത്തിന്റെ മറുവാക്കാകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാകുന്നു. രാജ്യത്തിന്റെ വിപ്ലവപോരാളി തന്റെ പ്രത്യയ ശാസ്ത്രം ലോകത്തിനും ശത്രുവിനും മുന്നിൽ വെളിപ്പെടുത്തിയാണ് മരണം വരിച്ചത്. അതുകൊണ്ടുതന്നെ 90 വർഷങ്ങൾക്കിപ്പുറവും ഇന്ത്യക്കാരന് വിപ്ലവമെന്ന് കേൾക്കുമ്പോൾ ഭഗത് സിംഗ് എന്ന് പറയാതിരിക്കാനാകില്ല

                            Bagath Sing

ഇപ്പോൾ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിൽ  ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ – സർദാർ കിഷൻ സിംഗ്. അമ്മ – വിദ്യാവതി. ഭഗത് സിംഗിന്റെ ജനനദിവസം തന്നെയാണ് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടിരുന്ന പിതാവും രണ്ട് പിതൃസഹോദരന്മാരും ജയിൽമോചിതരാവുന്നത്. ഭാഗ്യമുള്ള കുട്ടി എന്നർത്ഥം വരുന്ന ഭഗോൺവാല എന്ന പേരിട്ടത് മുത്തശ്ശിയായിരുന്നു. ഈ പേരിൽ നിന്നുമാണ് പിന്നീട് ഭഗത് സിംഗ് എന്ന പേരുണ്ടായത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വേരോടെ പിഴുതെറിയുന്നത് ചെറുപ്രായത്തില്‍ത്തന്നെ ഭഗത് സിങ്ങ് സ്വപ്നം കണ്ടിരുന്നു. “പാടങ്ങളില്‍ തോക്കുകള്‍ പൂക്കുന്നത്” ഈ നിര്‍ഭയനായ പോരാളിയുടെ ചിന്തകളില്‍ ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അങ്ങിനെയെങ്കില്‍ ബ്രിട്ടീഷുകാരുമായി പോരാടാന്‍ എളുപ്പമായിരിക്കുമല്ലോ. ഭാരതീയര്‍ ഇത്രയധികം പേര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് വിരലിലെണ്ണാവുന്ന അതിക്രമികളെ തുരത്താന്‍ കഴിയുന്നില്ല, എന്നായിരുന്നു ഭഗത് സിങ്ങിന്റെ ചിന്ത.

പന്ത്രണ്ടാമത്തെ വയസ്സില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അദ്ധ്യായമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഭഗത് സിംഗിന്റെ ജീവിതം മാറ്റിമറിച്ചു. ജാലിയന്‍വാലാബാഗിലെ ചോര കലർന്ന ഒരുപിടി മണ്ണ് ഒരു കുപ്പിയിലാക്കി തന്റെ  മുറിയില്‍ സൂക്ഷിച്ചുകൊണ്ട് സ്വതന്ത്ര്യം, ആവശ്യമെന്ന് പ്രഖ്യാപിച്ച ഭഗത് സിംഗ്, പക്ഷേ തെരഞ്ഞെടുത്തത് വിപ്ലവത്തിന്റെ പാതയായിരുന്നു.

1920 – ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു.

വിപ്ലവം കൊണ്ടു മാത്രമേ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കാൻ കഴിയൂ എന്ന ഭഗത് വിശ്വസിച്ചു തുടങ്ങി. ഗാന്ധിജിയുടെ അക്രമരഹിതസമരരീതിയോട് പൊരുത്തപ്പെടാൻ പിന്നീട് ഭഗതിനു കഴിഞ്ഞിരുന്നില്ല. കാരണം ബ്രിട്ടൻ നിരായുധരായ സമരപോരാളികളേപ്പോലും സായുധമായാണ് നേരിട്ടിരുന്നത്. ചൗരിചൗരാ സംഭവത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ നിരപരാധികളായ ഗ്രാമീണരെ ബ്രിട്ടീഷ് പട്ടാളം വധിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങൾ വിപ്ലവത്തിന്റെ പാത സ്വീകരിക്കുവാനുള്ള ഭഗതിന്റെ തീരുമാനത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.

ലാലാ ലജ്‌പത് റായിയുടെ മരണം നേരിട്ടു കണ്ട ഭഗത് സിംഗ് സ്കോട്ടിനോട് ഇതിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ചോരക്കു ചോര എന്ന സന്ദേശമാണ് ബ്രിട്ടന് നൽകേണ്ടത് എന്ന അഭിപ്രായമാണ് ഭഗത് മുന്നോട്ടു വെച്ചത്. മരണമടയുന്ന ഓരോ ഇന്ത്യക്കാരനും പകരമായി പത്ത് ബ്രിട്ടീഷുകാരെങ്കിലും കൊല്ലപ്പെടണം എന്ന് ഭഗത് സുഹൃത്തുക്കളോടായി പറഞ്ഞു. ഭഗവതീ ചരൺ വോഹ്രയുടെ ഭാര്യയും വിപ്ലവകാരിയും കൂടിയായ ദുർഗ്ഗാദേവിയുൾപ്പടെ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും തന്നെ സ്കോട്ടിനെ വധിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. അവസാനം ഈ കൃത്യത്തിനായി ഭഗത് സിംഗും, രാജ് ഗുരുവും, ചന്ദ്രശേഖർ ആസാദും നിയോഗിക്കപ്പെട്ടു.എന്നാൽ സ്കോട്ടിനു പകരം ജോൺ സൗണ്ടേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നിർഭാഗ്യവശാൽ വധിക്കപ്പെട്ടത്.ഈ കർത്തവ്യത്തിൽ പങ്കെടുത്ത ജയഗോപാൽ എന്ന പ്രവർത്തകനാണ് പിന്നീട് കോടതിയിൽ കൂറുമാറി ജോൺ സൗണ്ടേഴ്സ് കേസിൽ വാദിഭാഗം ചേർന്ന് ഭഗത് സിംഗിനേയും സുഹൃത്തുക്കളേയും ഒറ്റുകൊടുത്തത്.

1930 മെയ് അഞ്ചു മുതല്‍  സെപ്തംബര്‍ 10 വരെ നടന്ന വിചാരണയ്‌ക്കൊടുവില്‍ പ്രത്യേക കോടതി സുഖ്‌ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാന്‍ വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു.  മാപ്പപേക്ഷ നല്‍കിയാല്‍ വധശിക്ഷയൊഴിവാകുമെന്നിരിക്കേ തന്റെ രാജ്യത്തിന്റെ അഭിമാനത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഭഗത് സിംഗും കൂട്ടരും.

വധശിക്ഷയെ കുറിച്ച് ഭഗത്‌ സിംഗ് ഇങ്ങനെ  പറഞ്ഞു പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ മക്കളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു'.

1931 മാര്‍ച്ച് 23 നാണ് ഭഗത് സിങ്ങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ലവകാരി ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും‘ എന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. കുറച്ച് പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത് സിങ്ങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുതസ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കിവെച്ച് പുഞ്ചിരി തൂകി അദ്ദേഹം മജിസ്ട്രേട്ടിനോട് പറഞ്ഞു.

'മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീരപുത്രന്മാര്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍ തന്നെ!'

യുദ്ധത്തടവുകാര്‍ എന്ന നിലയില്‍ തങ്ങളെ വെടിവെച്ചുകൊല്ലണമെന്ന് ഭഗത് സിങ്ങും കൂട്ടുകാരും ആവശ്യപ്പെട്ടെങ്കിലും അത് അനുവദിക്കപ്പെട്ടില്ല.

ഭഗത് സിങ്ങും സുഖദേവും രാജ് ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു.

തൂക്കുമരത്തിൽ കൊണ്ടുചെന്നു നിർത്തിയപ്പോൾ പതിവുള്ളതുപോലെ മുഖം കറുത്തതുണികൊണ്ടു മറയ്ക്കുവാൻ ഭഗത്സിങ്ങും രാജ്ഗുരുവും സുഖ്ദേവും തയ്യാറായില്ല എന്നു മാത്രമല്ല, 'ഈ മരണം ഞങ്ങൾ സ്വയം വരിച്ചതാണ്, അതുകൊണ്ട് കൊലക്കയർ ഞങ്ങൾ തന്നെ കഴുത്തിലണിഞ്ഞുകൊള്ളാം' എന്നു പ്രഖ്യാപിച്ച് മൂന്നുപേരും സ്വയം കൊലക്കയർ കഴുത്തിലണിഞ്ഞു. തൂക്കുകയർ മുറുകും മുൻപ് മൂന്നു മുദ്രാവാക്യങ്ങൾ മുഴക്കി,
'ഇങ്ക്വിലാബ് സിന്ദാബാദ്
സാമ്രാജ്യത്വം തകരട്ടെ
ബ്രിട്ടീഷുകാർ ഇന്ത്യ വിടുക

ഭഗത്സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും കൊലമരത്തിൽനിന്ന് രക്ഷിക്കാനുള്ള ഒരവസരം പ്രയോജനപ്പെടുത്തുന്നതിൽ മഹാത്മ ഗാന്ധി  കുറ്റകരമായ അനാസ്ഥ കാണിച്ചു. ഗാന്ധി-ഇർവിൻ സന്ധിയുടെ വ്യവസ്ഥകളിൽ ഗാന്ധി  നിർബന്ധപൂർവം ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ആ വിപ്ലവകാരികളുടെ ജീവൻ രക്ഷിക്കാനുള്ള വ്യവസ്ഥകൂടി ഉൾക്കൊള്ളിക്കാൻ സാധിക്കുമായിരുന്നു. ജവാഹർലാൽ നെഹ്രുപോലും അതിനുവേണ്ടി മഹാത്മജിക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു.
താൻ വിലക്കിയിട്ടും കൂട്ടാക്കാതെ അക്രമത്തിന്റെ വഴി സ്വീകരിച്ചവരെന്ന നിലയിൽ ഭഗത്സിങ്ങിനോടും കൂട്ടാളികളോടും ഗാന്ധിജിക്കുണ്ടായിരുന്ന അതൃപ്തിആയിരുന്നു അതിനുള്ള കാരണം.

ഏതു മഹത്തായ സ്വാതന്ത്ര്യസമരത്തിലും ഹിംസാമാർഗവും അഹിംസാമാർഗവുമുണ്ടാകും. സായുധപോരാട്ടം പൂർണമായും വെടിഞ്ഞുകൊണ്ട് ഒരു ധർമയുദ്ധവും മാനവചരിത്രത്തിൽ പൂർത്തിയായിട്ടില്ല. ആത്യന്തികമായി മഹാത്മജിയുടെ അഹിംസാമാർഗം വിജയം കണ്ടപ്പോഴും അതിന് ഊർജം പകർന്നുകൊണ്ട് ഭഗത്സിങ്ങിന്റെയും നേതാജിയുടെയും മറ്റനേകം വിപ്ലവകാരികളുടെയും രക്തസാക്ഷിത്വങ്ങൾ അതിനുള്ളിൽ പ്രവർത്തിച്ചിരുന്നു

ഹിംസയും അഹിംസയും ധർമവും അധർമവും പരസ്പരപൂരകമായി നിന്നു പ്രവർത്തിച്ചുകൊണ്ടാണ് ഓരോ കൊണ്ടാടപ്പെട്ട അഹിംസാസമരത്തെയും ധർമയുദ്ധത്തെയും വിജയത്തിലെത്തിക്കുന്നത്. ഇത് ഏതു മാനവ വിമോചനസമരത്തിന്റെയും വൈരുധ്യാധിഷ്ഠിതമായ ചരിത്രജ്ഞാനമാണ്. രക്തസാക്ഷികളുടെ കത്തിപ്പടരുന്ന രക്തം ലോകചരിത്രത്തിലെ എല്ലാ സ്വാതന്ത്ര്യസമരങ്ങളുടെയും ധർമം നിർണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

No comments:

Statistical Assistant Grade 2 exam syllabus

Kerala Public Service Commission invites applications for the post of Statistical Assistant Grade 2 exam. For Statistical Assistant Grade 2 ...