"ഫ്രാൻസ്.. സൈന്യം...സൈന്യത്തലവൻ... ജോസഫൈൻ..."
രാജ്യത്തെ ജീവന് തുല്യം സ്നേഹിച്ചു. യുദ്ധം ഒരുതരം ലഹരിയായിരുന്നു. എപ്പോഴും വിജയം മാത്രം സ്വപ്നം കണ്ടു. പരാജയത്തെ വെറുത്തു. പ്രേയസിയോട് അത്യാസക്തി. അങ്ങനെയുള്ള ഒരാളുടെ അവസാനവാക്കുകൾ ആണിവ - നെപ്പോളിയൻ ബോണപ്പാർട്ടിന്റെ.
ഫ്രാൻസിന്റെ അധീനതയിലായിരുന്ന കോഴ്സിക്ക ദ്വീപിൽ ഇറ്റലിക്കാരനായ കാർലോ ബോണപ്പാർട്ടിന്റെയും ലെറ്റിഷ്യയുടെയും പുത്രനായി 1769 ലാണ് നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ജനനം. പാരിസ് സൈനിക സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന നെപ്പോളിയൻ ഫ്രഞ്ച് വിപ്ലവം ആരംഭിച്ചപ്പോൾ അതിൽ ആവേശം കൊണ്ട് വിപ്ലവ സൈന്യത്തിൽ ചേർന്നു. അവിടെ തുടങ്ങുന്നു ലോകം വിറപ്പിച്ച നെപ്പോളിയന്റെ പോരാട്ട ചരിത്രം..
ചുറുചുറുക്കും സാഹസികതയും ഒത്തുചേർന്ന ആ യുവാവ് പാരീസിൽ പ്രതിവിപ്ലവകാരികളെ അടിച്ചമർത്തിയും ടുളോണിൽ നാവികപ്പടയെ തുരുത്തിയും യുദ്ധവീര്യം അറിയിച്ചു. ഇരുപത്തി ഏഴാമത്തെ വയസ്സിൽ ജനറൽ പദവിയിലെത്തിയ അയാൾ യൂറോപ്പ് മുഴുവൻ ഉൾക്കൊള്ളുന്ന ഒരു ഫ്രഞ്ച് സാമ്രാജ്യത്തെ സ്വപ്നം കണ്ടു.
1796ൽ ഇറ്റലി ആക്രമിക്കാനുള്ള ദൗത്യം ഏറ്റെടുത്ത നെപ്പോളിയൻ ആല്പ്സ് പർവതനിര കടന്ന് ഓസ്ട്രിയൻ അധീനതയിലായിരുന്നു വടക്കൻ ഇറ്റലിയിൽ നിന്ന് അവരെ തുരത്തി ഉജ്ജ്വല വിജയം നേടി. അതോടെ ആ സാഹസിക യോദ്ധാവിന്റെ ജനപ്രീതി വർദ്ധിച്ചു. സ്വാഭാവികമായും അസൂയക്കാർ ഉണ്ടായി, ഫ്രാൻസിൽ നിന്നും നെപ്പോളിയനെ അകറ്റിനിർത്തുന്നതിനായി അവർ ബ്രിട്ടനെതിരെ ഈജിപ്തിൽ വെച്ച് നടക്കേണ്ട ഒരു യുദ്ധം ആസൂത്രണം ചെയ്ത് അതിന്റെ ചുമതല നെപ്പോളിയനെ ഏൽപ്പിച്ചു.
അസൂയക്കാർ ഭയപ്പെട്ടതുപോലെ ഫ്രാൻസിന്റെ സിംഹാസനത്തിൽ തന്നെയായിരുന്നു നെപ്പോളിയന്റെ കണ്ണ്. അതിന് കാത്തിരിക്കാൻ തയ്യാറായ അദ്ദേഹം 1798ൽ ഈജിപ്ഷ്യൻ ദൗത്യം ഏറ്റെടുത്തു. നാവിക യുദ്ധത്തിൽ തോറ്റെങ്കിലും കര യുദ്ധത്തിലെ മഹാവിജയം മാത്രമാണ് ഫ്രാൻസ് ജനത അറിഞ്ഞത്. നാട്ടിൽ തിരിച്ചെത്തിയ നെപ്പോളിയന് ഉജ്ജ്വല വരവേൽപ്പ് ലഭിച്ചു.
തുടർന്ന് നെപ്പോളിയൻ രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. തുടർന്നു നടന്ന യുദ്ധത്തിൽ നെപ്പോളിയൻ ഓസ്ട്രിയയെ തോല്പിച്ചു. ഇംഗ്ലണ്ടുമായി ഒരു ജീവന്മരണപ്പോരാട്ടത്തിന് കാത്തിരുന്ന നെപ്പോളിയൻ അതിന് ആയുധങ്ങൾ സമാഹരിക്കാൻ സാവകാശത്തിന് വേണ്ടി അവരുമായി ഒരു ഒത്തുതീർപ്പ് ഉണ്ടാക്കി.
സമാധാനത്തിന്റെ ഈ ഇടവേളയിൽ ഫ്രാൻസിനെ മികച്ച രാഷ്ട്രം ആക്കാനുള്ള ഭരണപരിഷ്കാരങ്ങളിൽനെപ്പോളിയൻ മുഴുകി.
ബ്രിട്ടന്റെ ആസൂത്രണത്തിൽ റഷ്യ, ഓസ്ട്രിയ, പ്രഷ്യ, റഷ്യ, സ്വീഡൻ എന്നീ രാജ്യങ്ങൾ നെപ്പോളിയനെതിരെ സഖ്യം രൂപീകരിച്ചു. ട്രഫാൾഗർ നാവിക യുദ്ധത്തിൽ ഇവരോട് തോറ്റ നെപ്പോളിയൻ കര യുദ്ധത്തിൽ സർവ്വശക്തിയോടെ പകരംവീട്ടി. എതിരാളികൾ ഭയന്നുപോയ ആ യുദ്ധത്തോടെ യൂറോപ്യൻ വൻകരയിലെ നെപ്പോളിയന്റെ ആധിപത്യം ഉറച്ചു.
വിശുദ്ധ റോമാസാമ്രാജ്യം പിരിച്ചുവിട്ടതായി 1806ൽ നെപ്പോളിയൻ പ്രഖ്യാപിച്ചു. തുടർന്ന് ജർമ്മനിയെ ലക്ഷ്യം വെച്ച് നീങ്ങിയ നെപ്പോളിയൻ നിരവധി ജർമൻ സ്റ്റേറ്റുകളെ തോൽപ്പിച്ച് ജർമൻ കോൺഫെഡറേഷൻ ഓഫ് റൈൻ രൂപീകരിച്ചു. സ്വയം അതിന്റെ സംരക്ഷകനായി പ്രഖ്യാപിച്ചു. കീഴടക്കപ്പെട്ട യൂറോപ്യൻ രാജ്യങ്ങളിൽ നെപ്പോളിയൻ സഹോദരന്മാരെ വാഴിച്ചു.
ഇംഗ്ലണ്ടിനെതിരെ കോണ്ടിനെന്റൽ സിസ്റ്റം എന്ന സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള നെപ്പോളിയന്റെ തീരുമാനം പക്ഷേ അദ്ദേഹത്തിന്റെ നാശത്തിന്റെ തുടക്കമായി. ബ്രിട്ടനുമായി വ്യാപാരബന്ധം നടത്തുന്ന രാജ്യങ്ങളുടെ കപ്പലുകൾ പിടിച്ചെടുക്കുമെന്ന് നെപ്പോളിയൻ അറിയിച്ചു. എന്നാൽ തിരിച്ച് ഫ്രഞ്ച് തുറമുഖത്തേക്കുള്ള കപ്പലുകൾ പിടിച്ചെടുക്കുമെന്ന് ബ്രിട്ടനും മുന്നറിയിപ്പുനൽകി. നാവിക ശേഷി നെപ്പോളിയന് കുറവും ബ്രിട്ടന്ന് കൂടുതലും ആയിരുന്നു. ചരക്കുകളുടെ വിനിമയം നടക്കാതെ ആയതോടെ സുഹൃത്ത് രാജ്യങ്ങളും ഫ്രാൻസുമായി പിണങ്ങി പിരിഞ്ഞു.
ബ്രിട്ടനുമായി വ്യാപാരബന്ധം സ്ഥാപിച്ച റഷ്യയെ ഫ്രഞ്ച് സേന ആക്രമിച്ചു. തന്ത്രപരമായി പിൻമാറിയ റഷ്യൻ സൈന്യം മോസ്കോ വരെ ഫ്രഞ്ച് സൈന്യത്തെ എത്തിച്ചശേഷം നഗരത്തിന് തീവെച്ചു ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലായ ഫ്രഞ്ച് സേന ശൈത്യകാലം ആരംഭിക്കുകകൂടി ചെയ്തതോടെ പിന്തിരിഞ്ഞോടി. പിറകെ എത്തിയ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ അനേകം ഫ്രഞ്ച് ഭടന്മാർ കൊല്ലപ്പെട്ടു.
നെപ്പോളിയൻ ആക്രമിച്ചു കീഴടക്കിയ പല യൂറോപ്യൻ രാജ്യങ്ങളിലും ദേശീയ വികാരം ഉണർന്നു. തന്റെ രാജ്യത്തും നെപ്പോളിയന് എതിർപ്പുകളെ നേരിടേണ്ടിവന്നു. ബ്രിട്ടീഷ് നേതൃത്വത്തിൽ ഓസ്ട്രിയ, റഷ്യ, പ്രഷ്യ എന്നിവ ഉൾപ്പെട്ട സഖ്യം വീണ്ടും രൂപീകരിച്ചു. 1813 ൽ ബാറ്റിൽ ഓഫ് നേഷൻസ് എന്നറിയപ്പെടുന്ന ലിപ്സിഗു യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ച് ഈ സഖ്യം പാരീസിൽ പ്രവേശിച്ചു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നെപ്പോളിയനെ എൽബാ ദ്വീപിലേക്ക് നാടുകടത്തി. എൽബ ദ്വീപിൽനിന്ന് രക്ഷപ്പെട്ട നെപ്പോളിയൻ ഫ്രാൻസിൽ പ്രത്യക്ഷപ്പെട്ടു അനുയായികളെ സംഘടിപ്പിച്ച് ഒരു സൈന്യത്തെ രൂപീകരിച്ചു. 1815ൽ വാട്ടർ ലൂവിൽ വെച്ച് നടന്ന യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം നെപ്പോളിയനെ അന്തിമമായി പരാജയപ്പെടുത്തി അറ്റ്ലാന്റികിലെ സെന്റ് ഹെലീന ദ്വീപിൽ തടവിൽ പാർപ്പിച്ചു. 1821 വരെ സ്വന്തം ജീവചരിത്രം എഴുതുന്നതിൽ മുഴുകി നാളുകൾ കഴിച്ച നെപ്പോളിയൻ തടവിൽ കിടന്ന് മരണമടഞ്ഞു.
വാട്ടർലൂവിൽ നെപ്പോളിയനെ തോൽപ്പിച്ച ശേഷം വിയന്നയിൽ സമ്മേളിച്ച യൂറോപ്യൻ രാജ്യങ്ങൾ നെപ്പോളിയൻ ഇല്ലാത്ത ഫ്രാൻസിന്റെ ഭാവിജാതകം കുറിച്ചുണ്ടാക്കി. യൂറോപ്പിൽ വിപ്ലവഅഭിനിവേശം മുളക്കാതിരിക്കാൻ നടപടികളിൽ അംഗീകരിച്ച ആ സമ്മേളനം യൂറോപ്പിലെ രാജ്യാതിർത്തികൾ മാറ്റിവരച്ചു. വാട്ടർ ലൂവിൽ തനിക്ക് സംഭവിച്ച പരാജയത്തിന് യൂറോപ്പ് പരിതപിക്കേണ്ടി വരും എന്ന് നെപ്പോളിയൻ പറഞ്ഞത് യാഥാർത്ഥ്യമാവുന്നതിന് പിൽക്കാല ചരിത്രം സാക്ഷ്യം വഹിച്ചു.
സെക്കൻഡ് ലെഫ്റ്റനന്റ് ആയി ജീവിതം തുടങ്ങി ഫ്രഞ്ച് ചക്രവർത്തിപദം വരെ ഉയർന്ന നെപ്പോളിയന് അതിന് ഏറ്റവും കൂടുതൽ തുണയായത് അതിരില്ലാത്ത ആത്മവിശ്വാസമാണ്. 'ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നെപ്പോളിയന് ഏറെ പ്രശസ്തമായ മറ്റൊരു അപരനാമം കൂടിയുണ്ട് 'ഭാഗധേയത്തിന്റെ മനുഷ്യൻ- Man of Destiny'. ധീരനും സാഹസികനും ആയിരുന്നുവെങ്കിലും യുദ്ധഭ്രമവും അധികാരപ്രമത്തതയുമാണ് നെപ്പോളിയൻ എന്ന ചക്രവർത്തിയുടെ ദുരന്തത്തിൽ കലാശിച്ചത്. വിജയങ്ങൾ തുടർക്കഥയായപ്പോൾ ആത്മവിശ്വാസം അതിരു കടക്കുകയും വിവേകശൂന്യമായ പിടിവാശികളിലൂടെ തന്റെ തോൽവി വേഗത്തിൽ ആക്കുകയും ആയിരുന്നു ആ ചരിത്രപുരുഷൻ.